Wednesday, November 2, 2016

ഉർദു ഭാഷ

പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടുകളിൽ ഭാരതത്തിൽ എത്തിയ മുസ്ലീമുകൾ ലാഹോർ മുതൽ ദൽഹി, ആഗ്ര, മീറററ്  വരെ വ്യാപിച്ചു . ഡൽഹിയും പരിസരവും ഘഡിബോലി, (Khariboli) ഭാഷ സംസാരിച്ചപ്പോൾ ആഗ്രയിൽ ബ്രജ് (Braj ) ഭാഷയായിരുന്നു പ്രചാരത്തിൽ ഉണ്ടായിരുന്നത് .

തുർക്കി പേർഷ്യൻ ഭാഷകളുമായി വന്ന മുസ്ലിം ചക്രവർത്തിമാർ അവരുടെ ഭരണ നിർവഹണത്തിന് പ്രാദേശിക ഭാഷകൾ പഠിക്കാൻ നിർബന്ധിതരായി .അറബി, പേർഷ്യൻ, തുർക്കി ഭാഷകൾ അറിയുന്ന സൂഫിവര്യന്മാർ  ഭാരത ജനതയിൽ ഇസ്ലാമിക സന്ദേശങ്ങൾ പ്രചരിക്കുവാൻ സംസ്കൃതത്തോടൊപ്പം മറ്റു ഭാഷകളും സ്വായത്തമാക്കി. അങ്ങിനെ പതിമൂന്നാം നൂറ്റാണ്ടിൽ ഉത്തരേന്ത്യയിൽ ഉണ്ടായ നിരവധി ഭാഷകളുടെ കൂടിച്ചേരലിലൂടെ ഒരു പുതിയ ഭാഷ ജനിക്കുകയുണ്ടായി .അതായിരുന്നു പേർഷ്യനോട്  വളരെ കടപ്പെട്ട  'ഹിന്ദ്വി' (Hindavi) എന്ന  നവ ഭാഷ .

മുസ്ലിം സൈന്യത്തോടൊപ്പം ദക്ഷിണേന്ത്യയിൽ എത്തിയ ഹിന്ദ്വി ഭാഷയെ ചക്രവർത്തിമാരും സൂഫിവര്യന്മാരും താലോലിച്ചു ദഖ്നി എന്ന പേർ  വിളിച്ചു . ആ പേരിൽ വളർന്നു വന്ന ഭാഷക്കു ഭരണ ഭാഷ പദവി കൂടി നൽകിയതോടെ ദഖ്നി എന്ന ഭാഷ ദക്ഷിണേന്ത്യയിൽ അതി വേഗം വളർന്നു . അക്കാലത്ത് ദഖ്നി ഭാഷയിൽ ധാരാളം കാവ്യ - സാഹിത്യ രചനകൾ നടന്നതായി ചരിത്രത്തിൽ കാണാം.

മുകൾ ചക്രവർത്തിയായ ഷാജഹാൻറെ  ഭരണകാലത്തു ഡൽഹിക്കു വീണ്ടും തലസ്ഥാന പദവി ലഭിച്ചു . പേർഷ്യനും ഘഡി ബോലിയും ചേർന്നുണ്ടായ ഭാഷ തുടക്കത്തിൽ രീഖിത (Rekhta) എന്ന് വിളിക്കപ്പെട്ടിരുന്നെങ്കിലും ഉറുദു എന്ന  പേരിലാണ് പിന്നീട് അറിയപ്പെട്ടത് . അന്ന് അറബി പേർഷ്യൻ ഭാഷകളാണ് രാജകീയ സദസ്സുകളിൽ അംഗീകരിക്കപ്പെട്ടതും പണ്ഡിതന്മാർ ഉപയോഗിച്ചിരുന്നതും . ഉർദുവിനെ അന്ന്  രണ്ടാം കിട ഭാഷയായിട്ടാണ് കണ്ടത്. ആയിടക്കാണ് വാലി മുഹമ്മദ് വാലി എന്ന പ്രസിദ്ധ ദഖ്നി കവി അദ്ദേഹത്തിൻറെ ഗസൽ ശേഖരവുമായി ഡൽഹിയിൽ എത്തുന്നത് . അതിൻറെ  മാധുര്യത്തിൽ വിസ്മയിച്ചു പണ്ഡിതർ ഉറുദു -ദഖ്നി ഭാഷയിലേക്കു ആകർഷിക്കുകയും അതിലൂടെ ഉർദുവിന് പുതു ജീവൻ ലഭിക്കുയും ചെയ്തു .

ഉറുദു - ദഖ്നി എന്നിവ ഒരേ ഭാഷയുടെ രണ്ടു രൂപങ്ങളാണ്.  എന്നാൽ തെക്കെ  ഇന്ത്യയിലെ മുസ്ലിം ചക്രവർത്തിമാരുടെ ഭരണം നാമവശേഷമാകുകയും ദൽഹി  ഭരണ - സാസ്കാരിക കേന്ദ്രമാവുകയും ചെയ്തതോടെ ദഖ്നിയുടെ പ്രതാപം ക്ഷയിക്കുകയും  ഉർദുവിന് കാവ്യാ-സാഹിത്യ ഭാഷ എന്ന അംഗീകാരം ലഭിക്കുകയും ചെയ്തു.

പതിമൂന്നാം  നൂറ്റാണ്ടിൽ  ഭാരതത്തിൽ  പ്രചരിച്ച വിദേശ - പ്രാദേശിക ഭാഷകളുടെ സങ്കര  സൃഷ് ടിയാണ് ഉർദു.  സൈനിക താവളം,  സൈനിക ഭാഷ എന്നീ  അർത്ഥങ്ങളുള്ള  തുർക്കി  ഭാഷയിലെ  പദമാണ് ഉർദു. ഭാരതീയ ഭാഷകളുടെ വ്യാകരണമുള്ള   ഉർദുവിൻറെ  മുപ്പത്തിയഞ്ചു  അക്ഷരങ്ങളിൽ  ഇരുപത്തിയെട്ടും അറബി  ഭാഷയിലുള്ളതാണ് .പേർഷ്യനിലെ നാലു അക്ഷരങ്ങൾ കൂടി മാറ്റി  നിർത്തിയാൽ  ഉർദുവിൻറെതായി  മൂന്ന് അക്ഷരങ്ങൾ  മാത്രം .

അതുകൊണ്ടു  തന്നെ ദേശിയ  ഐക്യത്തിൻറെയും  മതേതരത്തിൻറെയും  ഉജ്ജ്വല പ്രതീകമാണ്  ഉർദു ഭാഷയെന്ന്  നമ്മുക്ക് അഭിമാനിക്കാം . ഭാരത മണ്ണിൽ  ജനിച്ചു വളർന്നു   ഒരു  അന്താരാഷ്ട്ര ഭാഷയായി . ശ്രവണ മധുരവും ലളിതവും സുന്ദരവുമായ  ഉർദു  ഒരു ജീവൽ  ഭാഷയായി  നിലനിൽക്കുന്നു . പഠിക്കാനും പ്രയോഗിക്കാനും  എളുപ്പം  ആയതിനാൽ  ഉർദുഭാഷയിൽ രചിക്കപ്പെടുന്ന സിനിമ ഗാനങ്ങൾ, ഗസലുകൾ  തുടങ്ങിയവ ഏറെ  മനംകവരുകയും അതിവേഗം  ജനങ്ങളെ    ആകർഷിക്കുകയും ചെയ്യുന്നു .   അതുകൊണ്ടു തന്നെയാണ് ഭാരത ജനത സംസാരിക്കുന്ന  ഏറ്റവും  വലിയ  രണ്ടാം  ഭാഷയായി  ഉർദു മാറിയത്.
-------
By S.A.Jabbar

No comments:

Post a Comment